Sunday, February 26, 2012

മുഹമ്മദ്‌ നബി (സ്വ): കാരുണ്യം ശത്രുക്കള്‍ക്കും

Print E-mail
ഉല്‍കൃഷ്ട സ്വഭാവങ്ങളുടെ മൂര്‍ത്തിമത്ഭാവമായിരുന്നു മുഹമ്മദ്‌ നബി (സ്വ) എന്ന്‌ പരിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. "തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു." (68:4)

ആ ഉല്‍കൃഷ്ടസ്വഭാവങ്ങളില്‍ ഏറ്റവും പ്രകടമായി സര്‍വരംഗത്തും തിളങ്ങിനില്‍ക്കുന്നത്‌ കാരുണ്യമെന്ന അനുഗ്രഹീതഗുണമാണ്‌. ആ മഹാനുഭാവന്റെ കാരുണ്യം ഏതെങ്കിലും ഒരു വിഭാഗത്തിനോ ജനതക്കോ മാത്രമായിരുന്നില്ല എന്നതാണ്‌ വസ്തുത. അനുയായികള്‍ക്കും എതിരാളികള്‍ക്കും പ്രവാചകന്‍ കാരുണ്യത്തിന്റെ തിരുദൂതര്‍ തന്നെയായിരുന്നു. ശത്രുക്കള്‍ക്കുപോലും കാരുണ്യമായി വര്‍ത്തിച്ച ആ ഉല്‍കൃഷ്ട വ്യക്തിത്വത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയതും അപ്രകാരമാണ്‌: "ലോകര്‍ക്ക്‌ കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല." (21:107)

സര്‍വലോകര്‍ക്കും കാരുണ്യമായി അയക്കപ്പെട്ട പ്രവാചകന്‍ ഏറ്റവും കൂടുതല്‍ തെറ്റുധരിക്കപ്പെടുകയോ തെറ്റുധരിപ്പിക്കപ്പെടുകയോ ചെയ്തിരിക്കുന്നു എന്നതാണ്‌ വാസ്തവം. ആ പ്രവാചകന്റെ നിയോഗം നന്മയുടെ ശത്രുക്കള്‍ക്ക്‌ മാത്രമാണ്‌ അസ്വസ്ഥതയുണ്ടാക്കിയത്‌. ബാക്കിയുള്ള സര്‍വരും മനുഷ്യരെന്നോ മൃഗങ്ങളെന്നോ വ്യത്യാസമില്ലാതെ ആ കാരുണ്യത്തിന്റെ വിഹിതം അനുഭവിച്ചിട്ടുണ്ട്‌.

അനുയായികളെ സംബന്ധിച്ചേടത്തോളം അദ്ദേഹം കാരുണ്യത്തിന്റെ പ്രവാചകനായിരുന്നിരിക്കാം. എന്നാല്‍ ശത്രുക്കള്‍ക്കെങ്ങനെ അദ്ദേഹം കാരുണ്യവും അനുഗ്രഹവുമാവുമെന്നത്‌ പലരേയും ആശ്ചര്യപ്പെടുത്തുന്നുണ്ടാകാം. എന്നാല്‍ വാസ്തവം അതുതന്നെയാണ്‌.

അതെങ്ങനെ?

സത്യവിശ്വാസികള്‍ക്കെന്ന പോലെ തന്നെ നിഷേധിച്ച്‌ തള്ളിയവര്‍ക്കും അദ്ദേഹം സര്‍വലോകരക്ഷിതാവില്‍ നിന്നുള്ള കാരുണ്യത്തിന്റെ സന്ദേശവുമായിട്ടാണ്‌ വന്നത്‌. അവരും സ്രഷ്ടാവിന്റെ സന്ദേശം സ്വീകരിച്ച്‌ കാരുണ്യത്തിന്റെ ശാശ്വതഭവനമായ സ്വര്‍ഗത്തിലേക്ക്‌ എത്തിച്ചേരണമെന്ന്‌ അദ്ദേഹം വല്ലാതെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ തികഞ്ഞ ഗുണകാംക്ഷയോടെ അദ്ദേഹമവരെ ആ നിത്യസത്യത്തിലേക്ക്‌ ആവര്‍ത്തിച്ച്‌ ക്ഷണിച്ചുകൊണ്ടിരുന്നു. പക്ഷേ രോഗമുള്ള വായില്‍ തേനും കയ്പുള്ളതായി തോന്നുമല്ലോ? അതുകൊണ്ടാണ്‌ ശത്രുക്കള്‍ക്ക്‌ ആ കാരുണ്യം തിരിച്ചറിയാനാവാതെ പോയത്‌.

ആ പ്രവാചകന്‍ കൊണ്ടുവന്ന ആദര്‍ശവും നന്മയുടെയും കാരുണ്യത്തിന്റെയും തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏത്‌ നിലപാടും കാരുണ്യത്തിന്റേതല്ലാതെ ക്രൂരതയുടേതായിരുന്നില്ലെന്ന്‌ സൂക്ഷ്മ നിരീക്ഷണത്തില്‍ വ്യക്തമാകുന്നതാണ്‌. അന്ധമായ എതിര്‍പ്പുകളുമായി ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക്‌ ഒരുപക്ഷേ അത്‌ ബോധ്യപ്പെട്ടില്ലെങ്കിലും വാസ്തവമതാണ്‌.

മുന്‍കാല പ്രവാചകന്മാരുടേതില്‍ നിന്ന്‌ വ്യത്യസ്തമായി മുഹമ്മദ്‌ നബി (സ്വ)യുടെ കാര്യത്തില്‍ ശത്രുക്കള്‍ക്കെതിരില്‍ ഉന്‍മൂലനത്തിന്റെ ശിക്ഷാനടപടികള്‍ പടച്ചവന്‍ കൈക്കൊണ്ടില്ല എന്നതും എടുത്തുപറയാവുന്ന ഒന്നാണ്‌. ഇബ്നു അബ്ബാസ്‌ (റ) അടക്കമുള്ള പല ഖുര്‍ആന്‍ വ്യാഖ്യാന പണ്ഡിതന്മാരും പറഞ്ഞതുപോലെ, പശ്ചാത്തപിക്കാനും നന്മയിലേക്കു മടങ്ങാനുമൊക്കെയുള്ള മഹത്തായ അവസരമെന്ന നിലയില്‍ അതും കാരുണ്യം തന്നെയാണ്‌.

എത്രവലിയ കരുണാമയനും ശത്രുക്കളുടെ മുമ്പില്‍ ക്രൂരവും രൗദ്രവുമായ ഭാവങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്‌. ശത്രുക്കളോടും കരുണയോടെ പെരുമാറാനും ഗുണകാംക്ഷയോടെ വര്‍ത്തിക്കാനും സാധിക്കുക യെന്നത്‌ അതിമഹത്തരവും അത്യത്ഭുതകരവുമായ ഒന്നാണ്‌. എന്നാല്‍ മുഹമ്മദ്‌ നബി (സ്വ)യുടെ ചരിത്രം അതാണ്‌ നമ്മെ പഠിപ്പിക്കുന്നത്‌. തന്റെ ശത്രുക്കളായിരുന്നിട്ടുകൂടി ദൈവികമായ ഈ സത്യമാര്‍ഗം അവര്‍ സ്വീകരിക്കാത്തതില്‍ അതീവ ദുഃഖത്തോടെയാണ്‌ ആ പ്രവാചകനെ കാണപ്പെട്ടത്‌. ഭൗതികമായ വല്ല ലാഭേച്ഛയും കൊണ്ടായിരുന്നില്ല, മറിച്ച്‌ കാരുണ്യത്തിന്റെ ശാശ്വതഭവനമായ സ്വര്‍ഗം അവര്‍ക്ക്‌ നിഷേധിക്കപ്പെടുമല്ലോ എന്നതിലുള്ള നിഷ്കളങ്കമായ ദുഃഖമായിരുന്നു അത്‌. പരിശുദ്ധ ഖുര്‍ആന്‍ കാരുണ്യത്തിന്റെ തിരുദൂതരുടെ ഈ ദുഃഖാവസ്ഥയെ വിവിധ സൂക്തങ്ങളിലൂടെ എടുത്തുകാട്ടുന്നുണ്ട്‌: "എന്നാല്‍ തന്റെ ദുഷ്പ്രവൃത്തികള്‍ അലംകൃതമായി തോന്നിക്കപ്പെടുകയും, അങ്ങനെ അത്‌ നല്ലതായി കാണുകയും ചെയ്തവന്റെ കാര്യമോ? അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നതാണ്‌. അതിനാല്‍ അവരെപ്പറ്റിയുള്ള കൊടുംഖേദം നിമിത്തം നിന്റെ പ്രാണന്‍ പോകാതിരിക്കട്ടെ. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു." (35:8)

പ്രസ്തുത മനഃക്ലേശത്തിന്‌ ആശ്വാസം പകര്‍ന്നുകൊണ്ട്‌ സാന്ത്വനത്തിന്റെ വാക്കുകളായി അല്ലാഹു പറയുന്നു: "നീ ക്ഷമിക്കുക. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാത്രമാണ്‌ നിനക്ക്‌ ക്ഷമിക്കാന്‍ കഴിയുന്നത്‌. അവരുടെ (സത്യനിഷേധികളുടെ) പേരില്‍ നീ വ്യസനിക്കരുത്‌. അവര്‍ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി നീ മനഃക്ലേശത്തിലാവുകയും അരുത്‌." (16:127)

നിഷ്കപടമായ കാരുണ്യത്തില്‍ നിന്നുല്‍ഭൂതമായ നിഷ്കളങ്കമായ ദുഃഖമായിരുന്നു അത്‌. അതിനാല്‍ സ്വന്തം നാശത്തിന്‌ വരേക്കുമത്‌ നിമിത്തമായേക്കുമെന്ന്‌ അല്ലാഹു അദ്ദേഹത്തെ ഉണര്‍ത്തി "അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ്‌ പോയതിനെത്തുടര്‍ന്ന്‌ (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം."(18:6)

"അവര്‍ വിശ്വാസികളാകാത്തതിന്റെ പേരില്‍ നീ നിന്റെ ജീവന്‍ നശിപ്പിച്ചേക്കാം." (26:3)

ഇബ്നു അത്വിയ്യ (റ)യും(1) ഇബ്നു ആശൂറും (റ)(2) സൂചിപ്പിച്ചതുപോലെ സമൂഹം ഈ സത്യം സ്വീകരിക്കാതെ ശാശ്വതനാശത്തിന്റെ പാതയിലൂടെ പോയിക്കൊണ്ടിരിക്കുന്നത്‌ കാണുമ്പോഴുള്ള അദ്ദേഹത്തിന്റെ ദുഃഖത്തിനും അവരുടെ സന്മാര്‍ഗപ്രവേശത്തിലുള്ള അതീവതാല്‍പര്യത്തിനും ഒരു സാന്ത്വനവചനമെന്ന നിലക്കാണ്‌ ഈ സൂക്തങ്ങളുള്ളത്‌. ഇതിനു സമാനമായ വേറെയും സൂക്തങ്ങള്‍ ഖുര്‍ആനില്‍ കാണാവുന്നതാണ്‌. 3:176 ഉദാഹരണം തഫ്സീര്‍ ബഹ്‌റുല്‍ മുഹീത്വ്‌(3) കാണുക.

ഈ സൂക്തങ്ങളൊക്കെയും പ്രവാചകന്റെ അതിരറ്റ കാരുണ്യത്തിന്റെയും നിഷ്കപടമായ ഗുണകാംക്ഷയുടെയും വാത്സല്യത്തിന്റെയും വശങ്ങളാണ്‌ പ്രതിഫലിക്കുന്നത്‌.

ഈ വസ്തുതയെ സാക്ഷീകരിക്കുന്ന നിരവധി സംഭവങ്ങള്‍ നബി (സ്വ)ക്ക്‌ ജീവചരിത്രത്തില്‍ തെളിഞ്ഞു കാണാം. അതില്‍ ഏതാനും ചിലതു മാത്രം ഇവിടെ ഉദ്ധരിക്കാം.

നബി (സ്വ)യുടെ മക്കാ കാല ജീവിതത്തിലാണ്‌ കൂടുതല്‍ പ്രയാസങ്ങളും പീഡനങ്ങളുമേല്‍ക്കേണ്ടി വന്നു. അനുയായികളുടെ കുറവും ശത്രുക്കളുടെ ആധിക്യവും അതിന്‌ ഒരു പ്രധാന കാരണമായിരുന്നു. വളരെയേറെ ക്ഷമിച്ചും സഹിച്ചും മുന്നേറിക്കൊണ്ടിരിക്കുന്ന ഇത്തരം സാഹചര്യങ്ങളില്‍ സാധാരണഗതിയില്‍ ഏതൊരു മനുഷ്യനും അല്‍പം പരുഷവും ക്രൂരവുമായി പെരുമാറിപ്പോകും. ശത്രുവിനെ ഒതുക്കാന്‍ ഏതു മാര്‍ഗവും സ്വീകരിച്ചു പോയേക്കും. എന്നാല്‍ കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ്‌ നബി (സ്വ) ഇത്തരം ഘട്ടങ്ങളിലും അതുല്യമായ മാതൃകയാണ്‌ ലോകത്തിന്‌ സമ്മാനിച്ചത്‌. തന്നെ നിരന്തരം ശല്യപ്പെടുത്തുകയും വല്ലാതെ ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്ന ക്രൂരര്‍ക്കും പോലും ദൈവികശിക്ഷയിറങ്ങാതെ അവര്‍ സന്മാര്‍ഗം സ്വീകരിക്കുന്ന സ്ഥിതിയുണ്ടാവാന്‍ ആത്മാര്‍ഥമായി കൊതിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത പ്രവാചകന്‍ എങ്ങനെ ക്രൂരതയുടെ ഉപാസകനാവും?! പ്രവാചകപത്നി ആഇശ േ‍ തികച്ചും വിസ്മയകരമായ ഒരു സംഭവം നമുക്കു പറഞ്ഞുതരുന്നതു കാണുക.

ആഇശ(റ) നബി (സ്വ)യോട്‌ ചോദിച്ചു. "പ്രവാചകരേ, ഉഹ്ദ്‌ യുദ്ധത്തേക്കാള്‍ കഠിനമായ വല്ല ദിവസവും താങ്കള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയിട്ടുണ്ടോ?-പ്രവാചകന്റെ പിതൃവ്യനടക്കമുള്ള പ്രമുഖരായ പല സ്വഹാബീവര്യന്മാരും ക്രൂരമായി കൊലചെയ്യപ്പെട്ട ഒരു യുദ്ധമായിരുന്നു ഉഹ്ദ്‌ യുദ്ധം - നബി (സ്വ) പറഞ്ഞു." നിന്റെ ജനതയില്‍ നിന്ന്‌ ഞാന്‍ ആഭിമുഖീകരിച്ചതൊക്കെയും ഞാന്‍ അഭിമുഖീകരിച്ചു. അതിലേറ്റവും കഠിനമായത്‌ അഖബാ ദിവസത്തില്‍ ഞാന്‍ അനുഭവിച്ചതായിരുന്നു. അതായത്‌, ഇബ്നു അബിയാലിന്റെ മുമ്പാകെ ഞാന്‍ ചെന്നു. പക്ഷേ, ഞാനുദ്ദേശിച്ച കാര്യത്തിന്‌ അവരെനിക്കുത്തരം ചെയ്തില്ല. ദുഃഖിതനായി ഞാന്‍ പിന്തിരിഞ്ഞുപോന്നു. അങ്ങനെ ഞാന്‍ ഖര്‍ഹഥ്ഥ ആലിബിയിലെത്തി. ഒന്നു തല ഉയര്‍ത്തിനോക്കുമ്പോഴതാ ഒരു കാര്‍മേഘം എനിക്ക്‌ തണലിട്ടുകൊണ്ടിരിക്കുന്നു. അതിലതാ മലക്കു ജിബ്‌രീല്‍ (അ). അദ്ദേഹമെന്നെ വിളിച്ചുപറഞ്ഞു. "നിശ്ചയമായും താങ്കളുടെ ജനത താങ്കളോട്‌ പറഞ്ഞതും പ്രതികരിച്ചതുമൊക്കെ അല്ലാഹു കേട്ടിട്ടുണ്ട്‌. പര്‍വതങ്ങളുടെ ചുമതലയുള്ള മലക്കിനെ താങ്കളിലേക്ക്‌ നിയോഗിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ കാര്യത്തില്‍ താങ്കളുദ്ദേശിക്കുന്നത്‌ കല്‍പിച്ചുകൊള്ളുക. അങ്ങനെ ഒട്ടും താമസിയാതെ പര്‍വതങ്ങളുടെ മലക്ക്‌ എന്നെ വിളിച്ചു, എനിക്ക്‌ സലാം പറഞ്ഞു. എന്നിട്ട്‌ പറഞ്ഞു. "മുഹമ്മദേ, എന്താണോ താങ്കള്‍ ഉദ്ദേശിക്കുന്നത്‌ അത്‌ പറഞ്ഞുകൊള്ളുക. താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഞാനവരെ ഈ പര്‍വതങ്ങള്‍ക്കിടയില്‍ ഞെരിച്ചമര്‍ത്തിക്കളയാം." അപ്പോള്‍ നബി (സ്വ) പറഞ്ഞു, "വേണ്ട, ഞാനവരില്‍ നിന്ന്‌ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനില്‍ യാതൊന്നും പങ്കുചേര്‍ക്കുകയും ചെയ്യാത്ത നല്ലൊരു പിന്‍തലമുറയെ അവരുടെ മുതുകില്‍ നിന്ന്‌ അല്ലാഹു കൊണ്ടുവരുമെന്ന്‌ പ്രതീക്ഷിക്കുന്നു." (ബുഖാരി, മുസ്ലിം)

ഇബ്നുഹജര്‍ അസ്ഖലാനി (റ) പറഞ്ഞതുപോലെ(4) പ്രവാചകകാരുണ്യത്തിന്റെയും അനുകമ്പയുടേയും അങ്ങേയറ്റത്തെ സഹനത്തിന്റെയും വിവേകത്തിന്റെയും പാഠമാണ്‌ ഈ ഹദീഥുള്‍ക്കൊള്ളുന്നത്‌. അല്ലാഹു പറഞ്ഞതും അതിലേയ്ക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌. "(നബിയേ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക്‌ മാപ്പുകൊടുക്കുകയും, അവര്‍ക്ക്‌ വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട്‌ കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌." (3:159)

"നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക്‌ അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും?" (21:107)

വധിക്കാന്‍ വന്നയാളോട്‌...

തന്നെ വധിക്കാനായി ഊരിപ്പിടിച്ച വാളുമായി വന്നയാള്‍ക്കുപോലും നബി (സ്വ) വിട്ടുവീഴ്ച്ച നല്‍കി കാരുണ്യത്തിന്റെ അതുല്യമാതൃകയാവുകയാണുണ്ടായത്‌. അല്ലായിരുന്നെങ്കില്‍ അയാളുടെ കഥകഴിയാന്‍ അധികം താമസമുണ്ടാകുമായിരുന്നില്ല. ദാത്തുരിഖാഅ്‌ യുദ്ധത്തിലെ പ്രശസ്ത സംഭവം പ്രവാചകശിഷ്യനായ ജാബിര്‍ ബ്നു അബദില്ല (റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നതിപ്രകാരമാണ്‌. "നജ്ദ്കാരോട്‌ പോരാടാനായി ഞാനും നബി (സ്വ)യോടൊപ്പം പോയി അങ്ങനെ നബി (സ്വ) ഒരു ഇലന്തമരച്ചുവട്ടില്‍ വിശ്രമിക്കാനൊരുങ്ങി. തന്റെ കയ്യിലുണ്ടായിരുന്ന വാള്‍ ആ മരത്തില്‍ തൂക്കിയിട്ടു. അങ്ങനെ ഞങ്ങളുറങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ അതാ നബി (സ്വ) ഞങ്ങളെ വിളിക്കുന്നു. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ പ്രവാചകന്റെയടുക്കല്‍ ഒരു ഗ്രാമീണനിരിക്കുന്നു. നബി (സ്വ) പറഞ്ഞു. "ഞാനുറങ്ങിക്കൊണ്ടിരിക്കെ ഇയാള്‍ എന്റെ വാള്‍ തട്ടിയെടുത്തു. ഞാനുണര്‍ന്നപ്പോള്‍ ഇദ്ദേഹം ഊരിപ്പിടിച്ചവാളുമായി നില്‍ക്കുന്നു. എന്നിട്ട്‌ എന്നോടു ചോദിച്ചു. "ആരാണ്‌ താങ്കളെ എന്നില്‍ നിന്ന്‌ രക്ഷിക്കുക? ഞാന്‍ പറഞ്ഞു, "അല്ലാഹു." അതാ വാള്‍ നിലത്തുവീഴുകയും അയാള്‍ ഇരിക്കുകയും ചെയ്തു. നബി (സ്വ) അയാളോട്‌ യാതൊരുവിധ പ്രതികാരവും ചെയ്യാതെ വെറുതെ വിട്ടു. (ബുഖാരി, മുസ്ലിം)

ഇബ്നുഹജര്‍ (റ) പറഞ്ഞതുപോലെ(5) അയാളുടെ മോക്ഷവും ശാശ്വതവിജയവുമാണ്‌ പ്രവാചകനാഗ്രഹിച്ചത്‌.

നബി (സ്വ)യേയും അനുചരന്‍മാരേയും വളരെയേറെ കഷ്ടപ്പെടുത്തിയ ശത്രുക്കള്‍ക്കെതിരില്‍ പ്രാര്‍ഥിക്കാനാവശ്യപ്പെട്ട അനുചരന്‍മാരോട്‌ പ്രവാചകന്‍ (സ്വ) ഉപദേശിക്കുകയും അവരുടെ സന്മാര്‍ഗസ്വീകരണത്തിനായി പ്രാര്‍ഥിക്കുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്‌, പ്രവാചകജീവിതത്തില്‍. മനുഷ്യരുടെ നാശത്തിനും ശാപത്തിനുമല്ല താന്‍ നിയുക്തനായതെന്നും മനുഷ്യര്‍ക്കാകമാനം കരുണചൊരിയാനും ശാശ്വതവും അതുല്യവുമായ സ്വര്‍ഗലോകത്തേയ്ക്ക്‌ അവരെ ആനയിക്കാനുമാണ്‌ താന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്നുമാണ്‌ നബി (സ്വ) ഉണര്‍ത്തിയത്‌.

എ) അബൂഹുറയ്‌റ (റ) നിവേദനം. ബഹുദൈവാരാധകര്‍ക്കെതിരില്‍ പ്രാര്‍ഥിക്കാനായി നബി (സ്വ)യോട്‌ ആവശ്യപ്പെട്ടു. അപ്പോള്‍ അവിടുന്ന്‌ പറഞ്ഞു. "നിശ്ചയം, ഞാന്‍ ശപിക്കുന്നവനായിട്ടല്ല നിയോഗിക്കപ്പെട്ടിട്ടുള്ളത്‌. പ്രത്യുത കാരുണ്യമായിട്ടത്രെ ഞാന്‍ നിയുക്തനായിട്ടുള്ളത്‌." (മുസ്ലിം)

ബി) ത്വുഫൈലുബ്നു അമൃ (റ) നബി (സ്വ)യുടെ അടുക്കല്‍ വന്നുപറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ, ഔസുകാര്‍ ധിക്കാരം കാണിക്കുകയും വിസമ്മതിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അങ്ങ്‌ അവര്‍ക്കെതിരില്‍ പ്രാര്‍ഥിച്ചാലും. അപ്പോള്‍ ആളുകള്‍ വിചാരിച്ചു നബി (സ്വ) അവര്‍ക്കെതിരില്‍ പ്രാര്‍ഥിക്കുമെന്ന്‌. എന്നാല്‍ നബി (സ്വ) ഇപ്രകാരം പ്രാര്‍ഥിച്ചു. "അല്ലാഹുവേ, നീ ഔസിനെ സന്‍മാര്‍ഗത്തിലാക്കേണമേ, അവരെ നീ നന്മയിലേക്കുകൊണ്ടുവരേണമേ" (ബുഖാരി, മുസ്ലിം)

സി) ജാബിര്‍ (റ) പറയുന്നു. ഞാന്‍ പറഞ്ഞു. "അല്ലാഹുവിന്റെ ദൂതരെ, ഥഖീഫുകാരുടെ അഗ്നി ഞങ്ങളെ കരിച്ചുകളഞ്ഞു. അതിനാല്‍ അങ്ങ്‌ അവര്‍ക്കെതിരില്‍ അല്ലാഹുവിനോട്‌ പ്രാര്‍ഥിച്ചാലും." അപ്പോള്‍ നബി (സ്വ) ഇപ്രകാരം പ്രാര്‍ഥിച്ചു. "അല്ലാഹുവേ, ഥഖീഫുകാരെ നീ സന്മാര്‍ഗത്തിലാക്കേണമേ, അവരെ നീ (നന്മയിലേക്ക്‌) കൊണ്ടുവരേണമേ" (തിര്‍മിദി) ഈ സം

No comments:

Post a Comment