Friday, December 23, 2011

ബൈബിളില്‍ പ്രവചിക്കപ്പെട്ട പ്രവാചകന്‍

ബൈബിള്‍ പഴയതും പുതിയതുമായ നിയമ പുസ്തകങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ക്ക് അതിലെ പ്രവചനങ്ങള്‍ ശ്രദ്ധിക്കാതിരിക്കാനാവില്ല. പ്രവാചകന്മാര്‍ നടത്തിയ പലതരം പ്രവചനങ്ങള്‍! അവയില്‍ പലതും പൂര്‍ത്തീകരിക്കപ്പെട്ടതായി നാം ബൈബിളില്‍ തന്നെ വായിക്കുന്നു. പൂര്‍ത്തീകരിക്കപ്പെടാത്തവ ഇന്നല്ലെങ്കില്‍ നാളെ പൂര്‍ത്തീകരിക്കപ്പെടുമെന്ന് ക്രൈസ്തവ സമൂഹം വിശ്വസിക്കുന്നു. ബൈബിള്‍ പുസ്തകങ്ങളിലെല്ലാം പരന്നുകിടക്കുന്ന ഒരു പ്രതീക്ഷയുണ്ട്. ഒരു മഹാ പ്രവാചകനെക്കുറിച്ച പ്രതീക്ഷ. പഴയ നിയമ ബൈബിളിലെ ഏറ്റവും പുരാതനമായ രചനയെന്ന് കരുതപ്പെടുന്ന പഞ്ച പുസ്തകം (തോറ) മുതല്‍ ഈ പ്രതീക്ഷ നമുക്ക് കാണാവുന്നതാണ്. മോശയെപോലെയുള്ള ഒരു പ്രവാചകനെകുറിച്ച പ്രതീക്ഷ. ലോകര്‍ക്ക് മുഴുവന്‍ സ്വീകരിക്കാന്‍ സാധിക്കത്തക്ക തരത്തിലുള്ള ദൈവിക വചനങ്ങളുമായി പ്രത്യക്ഷപ്പെടാനിരിക്കുന്ന ഒരു മഹാ പ്രവാചകനെകുറിച്ച പ്രവചനങ്ങള്‍. യഹൂദര്‍ ആ പ്രവാചകനെ പ്രതീക്ഷിച്ചു. ദൈവദൂതന്മാരെന്ന് അവകാശപ്പെട്ടുകൊണ്ട് തങ്ങളുടെ മുമ്പില്‍ വന്നവരോടെല്ലാം അവര്‍ ചോദിച്ചു: ‘നീ ആ പ്രവാചകനാണോ?’ (യോഹന്നാന്‍ 1:19-22) യഹൂദന്മാര്‍ കാത്തുകൊണ്ടിരിക്കുന്ന ആ പ്രവാചകന്‍ ആരാണ്? അദ്ദേഹം കഴിഞ്ഞുപോയോ? അതോ…….? പഴയ നിയമത്തിന്റെ പൂര്‍ത്തീകരണമാണ് പുതിയ നിയമമെന്നാണ് ക്രൈസ്തവ വിശ്വാസം. യഹൂദര്‍ കാത്തിരുന്ന പ്രവാചകന്‍ യേശുക്രിസ്തുവാണെന്ന് ക്രിസ്ത്യാനികള്‍ വാദിക്കുന്നു. ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. യഹൂദര്‍ കാത്തുകൊണ്ടിരിക്കുന്ന പ്രവാചകന്‍ താനാണെന്ന് യേശു എപ്പോഴെങ്കിലും അവകാശപ്പെട്ടിട്ടുണ്ടോ? ‘ഇല്ല’യെന്നാണുത്തരം. പിന്നെ……? പുതിയ നിയമത്തിലെ പുസ്തകങ്ങളുടെ കര്‍ത്താക്കളില്‍ പലരും യഹൂദര്‍ കാത്തിരുന്ന മഹാന്‍ യേശുവാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ശ്രമിച്ചിട്ടുണ്ടെന്നത് ശരിയാണ്. യഹൂദര്‍ക്കിടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനുവേണ്ടി സുവിശേഷമെഴുതിയ മത്തായിയെപ്പോലെയുള്ളവര്‍ പഴയ നിയമ പ്രവചനങ്ങള്‍ക്ക് അനുസൃതമായി ക്രിസ്തുചരിത്രത്തെ മാറ്റിയെഴുതിയിട്ടുണ്ടെന്ന വസ്തുത ബൈബിള്‍ പണ്ഡിതന്മാര്‍ ഇന്ന് അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പഴയ നിയമത്തിലെ പ്രവചനങ്ങള്‍ ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടെന്ന പുതിയ നിയമ ലേഖകരുടെ അവകാശവാദം നിരുപാധികം അംഗീകരിച്ചുകൂടാ. പിന്നെയെന്തു ചെയ്യണം? മുന്‍ പ്രവാചകന്മാര്‍ പ്രവചിച്ചതുപ്രകാരം ലോകത്തിലേക്ക് അയ ക്കപ്പെട്ട അവസാനത്തെ പ്രവാചകനാണ് താനെന്ന് യേശുക്രിസ്തു അവകാശപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടണം. ബൈബിളിലെ യേശുവചനങ്ങളിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് എവിടെയും അത്തരമൊരു അവകാശവാദം കാണുവാനാവുകയില്ല. ഇസ്രാഈല്‍ ജനങ്ങളിലേക്ക് അയക്കപ്പെട്ട ഒരു ദൈവദൂതന്‍ മാത്രമാണ് താനെന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത്. യേശു പറഞ്ഞതായി ബൈബിള്‍ ഉദ്ധരിക്കുന്നു: ‘ഇസ്രാഈല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കലേക്ക് മാത്രമാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്’. (മത്തായി 15:24). ഇസ്രാഈല്യരിലേക്ക് മാത്രമായി അയക്കപ്പെട്ട ഒരു ദൈവദൂതന്‍ എങ്ങനെയാണ് ലോകത്തിന്റെ മുഴുവന്‍ വിമോചകനായിത്തീരുന്നത്? മുഴുവന്‍ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശനം നല്‍കാന്‍ സാധിക്കുന്ന സന്ദേശങ്ങളുമായി കടന്നുവരുന്ന മഹാപ്രവാചകനെയായിരുന്നുവല്ലോ യഹൂദന്മാര്‍ പ്രതീക്ഷിച്ചിരുന്നത്. മിശിഹ യേശുവിനെ മിശിഹയായാണ് പരിചയപ്പെടുത്തപ്പെടാറുള്ളത്. ‘മിശിഹ’1യെന്ന ഹിബ്രു പദത്തിന് അഭിഷിക്തന്‍ എന്നര്‍ത്ഥം. ആദ്യകാലത്ത് മതപരമായ അര്‍ത്ഥമൊന്നും കല്‍പിക്കപ്പെട്ടിരുന്ന പദമല്ല ഇത്. ദൈവത്താല്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രത്യേക ദൌത്യം നിര്‍വഹിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട വ്യക്തിയെന്ന അര്‍ത്ഥത്തില്‍ പിന്നീട് ‘മിശിഹ’ ഉപയോഗിക്കപ്പെടാന്‍ തുടങ്ങി. ഇസ്രാഈലിന്റെ വിമോചകനായി കടന്നുവരാനിരിക്കുന്ന വ്യക്തിയെ വിവക്ഷിച്ചുകൊണ്ട് മിശിഹയെന്ന പ്രയോഗം പഴയ നിയമത്തില്‍ എവിടെയും കാണാനില്ല. എന്നാല്‍ ഒരു ‘മിശിഹ’ വരുമെന്ന വിശ്വാസം യഹൂദര്‍ക്കിടയില്‍ നിലനിന്നിരുന്നുവെന്ന് പുതിയ നിയമ പുസ്തകങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.2 ദാവീദിന്റെ പുത്രനായി വരുന്ന ഇസ്രായേലിന്റെ രക്ഷകനായ മിശിഹ. യഹൂദന്മാര്‍ കാത്തിരുന്ന ‘മിശിഹ’ യേശുവായിരുന്നു. ഇസ്രായീല്‍ ഭവനത്തിലെ കാണാതെ പോയ ആടുകളെ സത്യമാര്‍ഗത്തിലേക്ക് നയിക്കാനായി നിയോഗിക്കപ്പെട്ടവനായിരുന്നു അദ്ദേഹം. സുവിശേഷകന്മാരുടെ യേശുചരിത്രം യേശുവിന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണല്ലോ സുവിശേഷങ്ങളുടെ രചന നടന്നത്. സുവിശേഷ കര്‍ത്താക്കള്‍ യേശുവിന്റെ ജീവചരിത്രം രചിക്കുകയല്ല ചെയ്തത്; പ്രത്യുത, തങ്ങള്‍ പ്രചരിപ്പിക്കുവാനുദ്ദേശിക്കുന്ന തത്വങ്ങള്‍ക്കനുസൃതമായ രീതിയില്‍ യേശുകഥ മെനഞ്ഞുണ്ടാക്കുകയാണ്. ആധുനിക ബൈബിള്‍ പണ്ഡിതന്മാരില്‍ മിക്കവരും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ബൈബിള്‍ പണ്ഡിതന്മാരില്‍ പ്രമുഖനായ റെയ്മണ്ട് ഇ. ബ്രൌണ്‍1 എഴുതുന്നു: ‘ഓരോ സുവിശേഷ കര്‍ത്താവും യേശുവിനെപ്പറ്റിയുള്ള തന്റെ ധാരണക്കനുസരിച്ച് വായനക്കാരുടെ അധ്യാത്മികാവശ്യങ്ങള്‍ സാധിച്ചുകൊടുക്കാനുതകും വിധം യേശുവിനെ ചിത്രീകരിക്കാന്‍ ആരംഭിച്ചു. ഫലമോ? തങ്ങള്‍ക്ക് ലഭിച്ച യേശു പാരമ്പര്യത്തെ രൂപപ്പെടുത്തുകയും വികസിപ്പിച്ചെടുക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്യുന്ന പൂര്‍ണ ഗ്രന്ഥകാരന്മാരായും ആ പാരമ്പര്യത്തെ ഒരു സവിശേഷ ലക്ഷ്യത്തിലേക്ക് നയിക്കുന്ന ദൈവശാസ്ത്രകാരന്മാരായും സുവിശേഷകന്മാര്‍ നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. എന്താണ് സുവിശേഷങ്ങള്‍ എന്ന ചോദ്യത്തിനുള്ള സമ്പൂര്‍ണ മറുപടിയായി അവിടുത്തെ വാക്കുകള്‍, ചെയ്തികള്‍, പീഡാനുഭവം, മരണം, ഉയിര്‍ത്തെഴുന്നേല്‍പ് എന്നിവ ഉള്‍പ്പെടെ യേശുവിനെപറ്റി പ്രചാരത്തിലിരുന്ന പാരമ്പര്യം ആറ്റിക്കുറുക്കിയെടുത്ത സത്താണവയെന്ന് ഞാന്‍ പറയും. ഈ സത്ത് സംഘടിപ്പിച്ചതും അതിന്റെ രൂപഭാവങ്ങള്‍ എഡിറ്റ് ചെയ്തതും ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തെ മൂന്ന് ദശകങ്ങളില്‍ ജീവിച്ച സുവിശേഷകനായിരുന്നു. തന്റെ മുന്നില്‍ കണ്ട ക്രൈസ്തവ വായനക്കാരുടെ ആധ്യാത്മികാവശ്യങ്ങളെ തൃപ്തിപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം’2 ഇപ്പറഞ്ഞതിന് അര്‍ത്ഥമെന്താണ്? സുവിശേഷകര്‍ യേശുജീവിതം അപ്പടി രേഖപ്പെടുത്തുകയല്ല; മറിച്ച് തങ്ങള്‍ ഉദ്ദേശിക്കുന്ന ദൈവശാസ്ത്രത്തിന് അനുരൂപമായി യേശു ജീവിതത്തെ അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇവിടെ സുവിശേഷകര്‍ക്ക് സംഭവിച്ചിട്ടുള്ള ഒരു വലിയ അബദ്ധമുണ്ട്. പഴയ നിയമത്തില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന മഹാ പ്രവാചകനും യഹൂദ സമുദായത്തിന്റെ പ്രതീക്ഷയായിരുന്ന മിശിഹയും ഒന്നുതന്നെയാണെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സുവിശേഷകര്‍ യേശുചരിത്രത്തിന് രൂപം നല്‍കിയത്. അതുകൊണ്ടുതന്നെ മഹാ പ്രവാചകന്റേതായി പഴയ നിയമം പ്രസ്താവിച്ച പല സ്വഭാവങ്ങളും അവര്‍ യേശുവില്‍ ആരോപിച്ചു. യഥാര്‍ത്ഥത്തിലുള്ള യേശുവിന്റെ ജീവിതത്തില്‍ സംഭവിക്കാത്ത പലതും അവര്‍ യേശുവില്‍ എഴുതിച്ചേര്‍ത്തു. ഇക്കാര്യം ക്രൈസ്തവ പണ്ഡിതന്മാര്‍തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. കൈക്രിയകള്‍ യഹൂദര്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്ന മിശിഹയാണ് യേശുവെന്ന് സ്ഥാപിക്കുന്നതിനുവേണ്ടി സുവിശേഷകര്‍ നടത്തിയ കൈക്രിയകളെപറ്റി റെയ്മണ്ട്-ഇ-ബ്രൌണ്‍ തന്റെ പ്രസിദ്ധമായ ‘മിശിഹയുടെ ജനനം’ (ഠവല യശൃവേ ീള വേല ങലശൈമവ) എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. അവയില്‍ ചിലവ കാണുക: 1)മിശിഹ ദാവീദ് വംശജനായിരിക്കുമെന്നായിരുന്നു യഹൂദവിശ്വാസം. യേശു മിശിഹയാണെന്ന് വരുത്തുവാന്‍ വേണ്ടി ദാവീദിന്റെ വംശാവലിയില്‍ യേശുവിന്റെയും യോസഫിന്റെയും നാമങ്ങള്‍ മത്തായിയും ലൂക്കോസും തിരുകിക്കയറ്റിയതാണ്. 2)മിശിഹ ബെത്ലഹേമില്‍ ജനിക്കുമെന്നായിരുന്നു യഹൂദവിശ്വാസം. യേശു ഗലീലിയയില്‍ ജനിച്ചിരിക്കാനാണ് സാധ്യത. അദ്ദേഹം ജനിച്ചത് ബെത്ലഹേമിലാണെന്ന് വരുത്തിത്തീര്‍ത്തത് യേശു മിശിഹയാണെന്ന് സ്ഥാപിക്കുന്നതിന് വേണ്ടിയാണ്. 3)യേശു ജനിച്ചപ്പോള്‍ ബെത്ലഹേമിന് മുകളില്‍ ഒരു നക്ഷത്രംജ്വലിച്ചുനിന്നുവെന്ന കഥക്ക് യാതൊരു അടിസ്ഥാനവുമില്ല. ‘യാക്കോബില്‍ നിന്ന് ഒരു നക്ഷത്രം ഉദിക്കും’ (സംഖ്യ 24:17)എന്ന പഴയ നിയമ പ്രവചനത്തിന് അനുരൂപമായി യേശുകഥ നിര്‍മിച്ചതിന്റെ ഫലമായി രൂപംകൊണ്ട കള്ളക്കഥയാണിത്. 4) യേശുവിനെ മോശെയുടെ ജീവിതവുമായി ബന്ധപ്പെടുത്തുന്നതിനുവേണ്ടി മത്തായി പടച്ച കഥയാണ് ഹെറോദോസിന്റെ കാലത്ത് നടത്തിയ കൂട്ടക്കൊലയും കണക്കെടുപ്പുമെല്ലാം.യഥാര്‍ത്ഥത്തില്‍ അവയൊന്നും സംഭവിച്ചവയല്ല. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍! തങ്ങളുടെ ഇച്ഛക്കനുസരിച്ച് ഓരോ സുവിശേഷകനും യേശുകഥ നിര്‍മിച്ചതിന്റെ ഫലമാണിവ. പഴയ നിയമത്തില്‍ പ്രവചിക്കപ്പെട്ട പ്രവാചകനും യഹൂദ പ്രതീക്ഷ യായ മിശിഹയും ഒരാളാണെന്ന തെറ്റിദ്ധാരണയും അത് യേശുവാ ണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയുമാണ് സുവിശേഷങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. അതുകൊണ്ടു തന്നെ സുവിശേഷങ്ങളില്‍ കാണുന്ന യേശുകഥയുടെ അടിസ്ഥാനത്തില്‍ മാത്രം നിന്നു കൊണ്ട് പഴയ നിയമത്തില്‍ പ്രവചിക്കപ്പെട്ട പ്രവാചകന്‍ യേശുവാ ണെന്ന് ഖണ്ഡിതമായി പറയാന്‍ കഴിയില്ല. കൂടുതല്‍ സൂക്ഷ്മമായ പഠനം ആവശ്യമാണ്. പഴയ നിയമത്തില്‍ പ്രതിപാദിക്കപ്പെട്ട വരാനിരിക്കുന്ന പ്രവാചകന്റെ സവിശേഷതകളൊന്നും യേശുവില്‍ പൂര്‍ ത്തീകരിക്കപ്പെടുന്നില്ലെന്ന് തന്നെയാണ് സൂക്ഷ്മ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അവകാശവാദം ഉന്നയിച്ചുവോ? ഇവിടെ നടേ പ്രസ്താവിച്ച കാര്യം വീണ്ടും പ്രസക്തമാകുന്നു. പഴയ നിയമത്തില്‍ പ്രവചിക്കപ്പെട്ട പ്രവാചകന്‍ താനാണെന്ന് യേശു എപ്പോഴെങ്കിലും അവകാശവാദമുന്നയിച്ചിട്ടുണ്ടോയെന്ന ചോദ്യം. യേശു അത്തരമൊരു അവകാശവാദമുന്നയിച്ചതായി പുതിയ നിയമത്തിലെവിടെയും നമുക്ക് വായിക്കാന്‍ കഴിയുന്നില്ല. ഇതോടനുബന്ധിച്ച് മറ്റൊരു ചോദ്യംകൂടി ചോദിക്കുന്നത് ഉചിതമായിരിക്കും. ‘യേശുവല്ലാതെ മറ്റാരെങ്കിലും പൂര്‍വ പ്രവാചകന്മാര്‍ പ്രവചിച്ച പ്രവാചകന്‍ താനാണ് എന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ടോ?’ ഉത്തരം ‘അതെ’യെന്നാണ്. ആരാണ് അത്തരമൊരു അവകാശവാദം ഉന്നയിച്ചത്? യേശുവിന് ശേഷം ആറ് നൂറ്റാണ്ടുകള്‍ കഴിഞ്ഞ് അറേബ്യയില്‍ ജനിച്ച മുഹമ്മദാ(സ)ണ് അത്തരമൊരു അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. പഴയ നിയമത്തിലെ പ്രവാചകന്മാരും യേശുവും പ്രവചിച്ച പ്രവാചകന്‍ താനാണെന്നാണ് അദ്ദേഹം അവകാശവാദമുന്നയിച്ചത്. അദ്ദേഹത്തിലൂടെ ലോകത്തിന് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമായ ഖുര്‍ആന്‍ പൂര്‍വ പ്രവാചകന്മാരുടെ പ്രവചനങ്ങള്‍ മുഹമ്മദി(സ)ലൂടെ പൂര്‍ത്തീകരിക്കപ്പെട്ടുവെന്ന് പറയുന്നുണ്ട്. “തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടു ത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ പിന്‍പറ്റുന്നവര്‍ക്ക്” (ഖുര്‍ആന്‍ 7:157). “നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ സ്വന്തം മക്കളെ അറിയുന്നതുപോലെ അദ്ദേഹത്തെ അറിയുന്നുണ്ട്. സ്വദേഹങ്ങളെ നഷ്ടത്തിലാക്കിയവരത്രെ അവര്‍. അതിനാലവര്‍ വിശ്വസിക്കുന്നില്ല” (ഖുര്‍ആന്‍ 6:20). “തീര്‍ച്ചയായും അത് മുന്‍ഗാമികളുടെ വേദഗ്രന്ഥങ്ങളിലുണ്ട്. ഇസ്റായീല്‍ സന്തതികളിലെ പണ്ഡിതന്മാര്‍ക്കത് അറിയാം എന്ന കാര്യം ഇവര്‍ക്ക് ഒരു ദൃഷ്ടാന്തമായിരിക്കുന്നില്ലേ” (ഖുര്‍ആന്‍ 26:195,196). “മറിയമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭം: ഇസ്രാഈല്‍ സന്തതികളേ, എനിക്ക് മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുനവനായിക്കൊണ്ടും എനിക്കുശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള ഒരു ദൂതനെപറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെയടുക്കല്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ‘ഇത് വ്യക്തമായ ജാലവിദ്യയാകുന്നു” (ഖുര്‍ആന്‍ 6:16). യേശുവടക്കമുള്ള മുന്‍ പ്രവാചകന്മാര്‍ പ്രവചിച്ച അന്തിമ പ്രവാചകനാണ് താനെന്ന് അവകാശമുന്നയിച്ചയാളാണ് മുഹമ്മദ് (സ). അദ്ദേഹത്തിന്റെ ഈ അവകാശവാദത്തില്‍ എത്രത്തോളം കഴമ്പുണ്ട്. നാം പരിശോധിക്കുക. പ്രശ്നങ്ങള്‍ മുഹമ്മദി(സ)ന്റെ കാലത്തുണ്ടായിരുന്ന യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും അദ്ദേഹത്തിന്റെ ആഗമനത്തെയും സന്ദേശങ്ങളെയും കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് മുകളില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വാക്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ഇവിടെ പ്രധാനപ്പെട്ട ഒരു പ്രശ്നമുണ്ട്. മുഹമ്മദി(സ)ന്റെ കാലത്ത് അംഗീകരിക്കപ്പെട്ടിരുന്നത് ഏതെല്ലാം ബൈബിള്‍ പുസ്തകങ്ങളായിരുന്നുവെന്ന് ഇന്ന് നമുക്കറിയില്ല. പഴയ നിയമത്തില്‍ ഇന്ന് ഉപയോഗിക്കപ്പെടാത്ത പല പുസ്തകങ്ങളും (സ്യൂഡിപിഗ്രാഫ) അന്ന് ഉപയോഗപ്പെട്ടിരുന്നിരിക്കാം. അപ്പോക്രിഫയായി പരിഗണിച്ചുകൊണ്ട് തള്ളപ്പെട്ട പല പുതിയ നിയമപുസ്തകങ്ങളും മുഹമ്മദി(സ)ന്റെ കാലത്ത് അറേബ്യയിലുണ്ടായിരുന്ന നെസ്തൂറിയന്‍ ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്നുവെന്ന് ഉറപ്പാണ്. ഇവയൊന്നും ഇന്ന് ഉപലബ്ധമല്ല. അതുകൊണ്ടുതന്നെ മുഹമ്മദി(സ)ന്റെ അവകാശവാദത്തെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുവാന്‍ പ്രയാസയാണ്. അതിനാവശ്യമായ രേഖകളുടെ പരിമിതിയാണ് കാരണം. മറ്റൊരു പ്രശ്നം കൂടിയുണ്ട്. ഖുര്‍ആനിലെ 61:6 വചനത്തില്‍ നിന്ന് യേശുവിന്റെ പ്രബോധനങ്ങളില്‍ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു മുഹമ്മദി(സ)നെകുറിച്ച പ്രവചനങ്ങളെന്ന് മനസ്സിലാവുന്നുണ്ട്. യേശു വരാനിരിക്കുന്ന പ്രവാചകനെകുറിച്ച് എന്തെല്ലാമാണ് പറഞ്ഞത് എന്നറിയാന്‍ നമുക്ക് യാതൊരു നിര്‍വാഹവുമില്ല. അദ്ദേഹത്തിന്റെ വചനങ്ങളൊന്നും തന്നെ അദ്ദേഹം പറഞ്ഞ അതേ രൂപത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. യേശു സംസാരിച്ചത് അരമായ ഭാഷയിലായിരുന്നു. അരമായ ഭാഷയില്‍ എഴുതപ്പെട്ട ഒരൊറ്റ പുതിയ നിയമ ഗ്രന്ഥവുമില്ല. യേശുവിന്റെ സ്വന്തം ഭാഷയിലെ ഒരു ഉപമയോ ദൈവിക വചനമോ സന്ദേശമോ കണ്ടെത്താന്‍ ഇന്ന് യാതൊരു നിവൃത്തിയുമില്ല. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന പ്രവാചകനെ സംബന്ധിച്ച് യേശു എന്തെല്ലാം പറഞ്ഞുവെന്ന് കൃത്യമായി മനസ്സിലാക്കുവാന്‍ യാതൊരു നിര്‍വാഹവുമില്ല. മുഹമ്മദി(സ)നെ സംബന്ധിച്ച് പൂര്‍വ പ്രവാചകന്മാര്‍ എന്തെങ്കിലും പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുവാന്‍ നമ്മുടെ മുമ്പില്‍ ഇന്നുള്ള രേഖകള്‍ ബൈബിള്‍ പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും പുസ്തകങ്ങള്‍ മാത്രമാണ്. വരാനിരിക്കുന്ന പ്രവാചകനെകുറിച്ച് ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട കാര്യങ്ങള്‍ മുഹമ്മദു(സ)മായി എന്തുമാത്രം യോജിക്കുന്നുണ്ട്. നാം പരിശോധിക്കുക. ________________________________________________________________ 1.’മിശിഹ’യുടെ ഗ്രീക്ക് പരിഭാഷയായ ‘ക്രിസ്റ്റോസി’ല്‍ നിന്നാണ് ക്രിസ്തുവെന്ന പദം വ്യുല്‍പന്നമായിരിക്കുന്നത്. 2. മിശിഹയെകുറിച്ച പ്രവചനങ്ങള്‍ പ്രവാചക വചനങ്ങളില്‍ ഉണ്ടായിരുന്നിരിക്കാം. തങ്ങളുടെ താല്‍പര്യങ്ങളെ ഹനിക്കുമെന്നതില്‍ യഹൂദറബ്ബിമാര്‍ അവ മറച്ചുവെച്ചതായിരിക്കണം. കൂടുതല്‍ വിവരത്തിന് ലേഖകന്റെ ‘ബൈബിളിന്റെ ദൈവികത:വിമര്‍ശനങ്ങള്‍ വസ്തുതകള്‍’ കാണുക. 1. ഇരുപതിലേറെ ഓണറ്ററി ഡോക്ടറേറ്റുകളുള്ള പ്രഗത്ഭ അമേരിക്കന്‍ ബൈബിള്‍ പണ്ഡിതനാണ് റെയ്മണ്ട് ഇ. ബ്രൌണ്‍. ഇന്നു ജീവിച്ചിരിക്കുന്ന ബൈബിള്‍ പണ്ഡിതന്മാരില്‍ ഏറ്റവും പ്രമുഖനായാണ് ബ്രൌണ്‍ അറിയപ്പെടുന്നത്.

No comments:

Post a Comment